Translate

Saturday, May 19, 2018

ജീവനുള്ള സ്വപ്‌നങ്ങൾ..

ഇന്ന് യാദൃശ്ചികമായി സ്കാനിൽ രണ്ടു ഹൃദയമിടിപ്പു കണ്ടു...ങ്ഹാ കൊള്ളാമല്ലോ 😁ഇരട്ടകളാണല്ലോ എന്ന് ഞാൻ കരുതി...മുൻപ് എടുത്ത സ്കാൻ നോക്കിയപ്പോൾ ഒന്നേ കണ്ടുള്ളൂ ..

😉ഞാൻ സന്തോഷമായി അവളോട് പറഞ്ഞു ഇരട്ടകളാണ്... നേരത്തെയുള്ള മന്ദഹാസവുമായി അവൾ കിടന്നു...😐

എനിക്ക് സംശയമായി.🤔..ഇവൾക്ക് മനസ്സി ലായില്ലേ...സന്തോഷമൊന്നും കാണുന്നില്ലല്ലോ....ഞാൻ ആവർത്തിച്ചു...ഇരട്ടകളാണ് കേട്ടോ....വീണ്ടും പഴയ ആ മന്ദഹാസം😐.... ഒരു ഞെട്ടലുമില്ല.....ഞാൻ ചോദിക്കാനുറച്ചു...എന്തെ ,പറഞ്ഞത് മനസിലായില്ലേ...ട്വിൻസ് ആണെന്ന്.😏

..😊ങ്ഹാ മനസ്സിലായി ഡോക്ടർ...

പിന്നെന്താ ഒരു ഭാവമാറ്റവുമില്ലാത്തത്😕?

അതെനിക്ക് നേരത്തെ അറിയാമായിരുന്നു ഡോക്ടർ....😳

🤔ഞാൻ വീണ്ടും പഴയ സ്കാൻ എടുത്തു നോക്കി...ഇല്ല...ഒന്നേ എഴുതീട്ടുള്ളല്ലോ...പിന്നെ എങ്ങിനെ മനസ്സിലായി? 🤓

അത് ഞാൻ ഇന്നലെ സ്വപ്നം കണ്ടു ഡോക്ടർ...എനിക്ക് ട്വിൻസ് ആണെന്ന്...😎

സ്വപ്‌നങ്ങൾ ജയിക്കുന്നു...ശാസ്ത്രം തോൽക്കുന്നു....ഇതാണ് ...ഇതുതന്നെയാണ് എന്റെയും സ്വപ്നം😇

Saturday, September 3, 2016

വിരിയാത്ത പല്ലിമുട്ടകൾ

മോന്തായത്തിൽ നിന്ന് അടർന്ന് വീഴാറായ സിമൻറ്റ് പാളിക്കുള്ളിൽ നിറയെ പല്ലിമുട്ടകൾ. ഗൈനക്കോളജിസ്റ്റായി ആദ്യമായി ചുമതലയേറ്റ നീലേശ്വരം താലൂക്ക് ആശുപത്രിയിലെ  ക്വാർട്ടേഴ്സിന്റെ സ്വീകരണമുറിയിലെ ആ പല്ലിമുട്ടകൾ വിരിയുമായിരിക്കും എന്നു കരുതി ഞാൻ അവയെ നശിപ്പിച്ചില്ല...ഇവിടെ ഒന്നുമില്ല ഒന്നുമില്ല എന്ന ജീവനക്കാരുടെ പൊതുനിസംഗതയെ കുറച്ചു ആവേശവും ചോരതിളപ്പുമായി നേരിട്ട് ഞാൻ പ്രസവമുറി തുറന്നു....
ഉപകരണങ്ങൾ ഒന്നും തന്നെയില്ലത്രേ..
ഒന്നു കൂടി ശ്രമിച്ചപ്പോൾ രണ്ടു അലമാരികൾ തുറന്നു....അതിനുള്ളിലും പല്ലിമുട്ടകൾ.....അണ്ഢം ആണല്ലോ...ശുഭലക്ഷണം തന്നെ....ബാഗുകളിൽ കവർ പോലും പൊട്ടിക്കാത്ത പുതുപുത്തൻ ശസ്ത്രക്രിയ ഉപകരണങ്ങൾ....ഉപയോഗിച്ചിട്ടയില്ലാത്ത ഹാൻഡ് ഡോപ്ളറിനുള്ളിലിരുന്ന് (ഗർഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പും വ്യതിയായനങ്ങളും അറിയുന്നഅത്യാധുനിക ഉപകരണം)അലിഞ്ഞ ബാറ്ററി..ഇപ്പോൾ ഉപയോഗശൂന്യം....എന്നാലും ഉള്ളതെല്ലാം അടുക്കിപ്പെറുക്കി പ്രസവമുറി ക്രമീകരിച്ചു...കോൺഫറൻസ് ഹാളായി മാറിയിരുന്ന സ്ത്രീകളുടെ വാർഡ് ഒഴിച്ചെടുത്ത് കട്ടിലിട്ടു...ദിവസങ്ങൾ കഴിഞ്ഞു മാസങ്ങളും...24 മണിക്കൂർ ഗൈനക്കോളജിസ്റ്റുണ്ടായിട്ടും ആരും പ്രസവിക്കാൻ വരുന്നില്ല..ആശുപത്രിയോട് ചേർന്നു കുടികൊള്ളുന്ന ദേവിക്ക് ഇഷ്ടമല്ലത്രേ ഇതൊന്നും പലരും ഞാൻ കേൾക്കെയും കേൾക്കാതെയും അടക്കം പറഞ്ഞു.... അറിയാതെ എത്തിപ്പെടുന്ന ഗർഭിണികളോടും....
സമീപത്തെ സ്വകാര്യാശുപത്രിയിലാകട്ടെ തിരക്കോടു തിരക്കും....ഞാൻ തോറ്റു.. ഞാൻ പഠിച്ച ഗൈനക്കോളജിയും...

മാസങ്ങൾക്കു ശേഷം... അങ്ങ് തെക്ക്... കിലോമീറ്റർസ് അൻഡ് കിലോമീറ്റർസ് അകലെ ഒരാശുപത്രിയിൽ ...ഈ ഗുളിക എന്തിനാണ് ഡോക്ടറെ? ഇത് അണ്ഢോല്പാദനത്തിനാണ്.....ഇതു കഴിച്ചാൽ ഞാൻ ഗർഭിണി ആകുമോ? കുറച്ചു ഇൻജക്ഷൻ കൂടി വേണ്ടിവരും തുടർ ചികിത്സയിലൂടെ നിങ്ങൾക്കു ഗർഭിണിയാകാം....മാഡം ഊണു കഴിക്കുന്നില്ലേ മണി നാലായല്ലോ സിസ്റ്റർ ചോദിച്ചു...ബാഗുമെടുത്ത് പുറത്തേക്കിറങ്ങി....പല്ലി ചിലച്ചു ...മോന്തായത്തിലേക്ക് കണ്ണു പോയി.....ഇല്ല ,ഇവിടെ പല്ലിമുട്ടകൾ ഇല്ല..,ആരുടെയോ മൊബൈൽ ചിലച്ചതാണ്......

Thursday, August 27, 2015

...മഴകൊണ്ടു പോയവൾ

ആ കുട്ടിയോട് പറഞ്ഞില്ലല്ലോ മാഡം... അത്യാഹിത വിഭാഗത്തിലെ തിരക്കിനിടയിൽ സിസ്റ്റർ വന്നു ഓർമിപ്പിച്ചു ...കുറച്ചു സമയം മുൻപാണ്‌ ആംബുലൻസ് വന്നു നിന്നത് ......എന്ത് പറ്റിയെന്നറിയില്ല ചെറിയ നെഞ്ച് വേദനയേ ഉണ്ടായിരുന്നുള്ളു ഇ സി ജി  ഇൽ ചെറിയ കുഴപ്പമുണ്ട് എന്ന് അടുത്തുള്ള ആശുപത്രിയിലെ ഡോക്ടർ  പറഞ്ഞു മെഡിക്കൽ കോളേജിലേക്ക് പോകുകയായിരുന്നു ..ഒന്ന് ചർദ്ദിച്ചു ...അതിനു ശേ ഷം അനങ്ങുന്നില്ല ...ഇരുപത്തി അഞ്ചിനകത്ത് മാത്രം പ്രായമുള്ള ആ പെണ്‍കുട്ടി എന്റെ കയ്യിൽ മുറുകെ പിടിച്ചു കരച്ചിലിനിടയിൽ പറഞ്ഞൊപ്പിച്ചു ..കമിഴ്ന്നു ട്രോളിയിൽ  കിടന്നിരുന്ന  അയാളെ തൊട്ടപ്പോൾ തന്നെ വിറങ്ങലിച്ച ആ ശരീരത്തിൻറെ തണുപ്പ് എന്റെ വിരലുകളിലേക്കു അരിച്ചു കയറി ...കയ്യെടുത്ത് ആ പെണ്‍കുട്ടിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ വളരെ പ്രതീക്ഷയോടെ കണ്ണുകൾ തുടച്ചു ഭർത്താവിനെ നോക്കി നിൽകുന്നു ..വീട്ടിൽ  നിന്ന് ആരെയെങ്കിലും വിളിക്കൂ ഞാൻ പറഞ്ഞു ..നിവർത്തി കിടത്തിയ അയാളുടെ കണ്ണുകളിൽ നോക്കിയപ്പോൾ അവയിൽ നിന്നും ജീവൻറെ അവസാന കിരണവും പോയിട്ടു ഏറെ ആയിരുന്നു .....ഈ കുട്ടിയോട് ഇതെങ്ങനെ പറയും എന്നു വിചാരിച്ചു നോക്കിയപ്പോൾ  കയ്യിലുണ്ടായിരുന്ന ഫോണിലൂടെ ആരെയൊക്കെയോ വെപ്രാളത്തിൽ വിളിച്ചു കൊണ്ട് അവൾ ആ വരാന്തയിലൂടെ നടന്നു പോയി ...ഞാൻ ഒന്നാശ്വസിച്ചു ..വീട്ടിൽ നിന്നു ആരെങ്കിലും എത്തിയിട്ട്‌ ഈ കുട്ടിയോട് വിവരം പറയാം..സിസ്റ്റർ വീണ്ടും വന്നു വിളിച്ചു ..ഞാൻ ചെന്നു നോക്കിയപ്പോൾ ഭർത്താവിന്റെ  കയ്യിൽ പിടിച്ചു കൊണ്ടു കണ്ണീരൊക്കെ തുടച്ചു കളഞ്ഞു ശാന്തയായി ചുമരിലേക്കു നോക്കി നിൽക്കുകയായിരുന്ന  അവൾ എന്നോടു ഇങ്ങോട്ടു ചോദിച്ചു  കൊണ്ടു വന്നപ്പോഴേ മരിച്ചിരുന്നു അല്ലേ ഡോക്ടർ  ?നിങ്ങൾ എന്നോടു   പറയാത്തതല്ലേ ? ഞാൻ നിസ്സഹായയായി തലയാട്ടി .വീട്ടിൽ നിന്നു ആരും എത്തിയില്ലേ ?ഞാൻ ചോദിച്ചു ..ഞങ്ങൾ സ്നേഹിച്ചു, വീട്ടുകാർ എതിർത്തിട്ടും വിവാഹം കഴിച്ചതാ ഡോക്ടർ ..അവരെ ഞാൻ വിളിച്ചു അവർ വരില്ല ..ഭർത്താവിനു അച്ഛനും അമ്മയും ഇല്ല ...ഫോണ്‍ നമ്പർ തരൂ കുട്ടിയുടെ വീട്ടുകാരോട് ഞാൻ സംസാരിക്കാം ഞാൻ പറഞ്ഞു ..മൃതദേഹം മോർച്ചറി യിലേക്ക് കൊണ്ടു പോകാൻ പറഞ്ഞു ഞാൻ ആ കുട്ടിയുടെ വീട്ടിലേക്കു ഫോണ്‍ ചെയ്തു ...ഒന്നിനും കാത്തു നിൽക്കാതെ തിരികെ വിളിച്ചിട്ടും നിൽക്കാതെ പുറത്തെ ആ മഴയിലൂടെ അവൾ എങ്ങോട്ടോ നടന്നകന്നു ...അവളും മരിച്ചിരുന്നു 

Sunday, July 26, 2015

ഇരുൾ












ഒടുവിൽ ഇരുട്ടിൽ ഞാൻ
വഴിതെറ്റി അലയുമ്പോൾ
കത്തുമൊരെൻ ഹൃദയം
എനിക്കന്നു വെളിച്ചമേകി  ...
നോവും മനസ്സതു
കെടാതെ അഗ്നി നൽകി ...
ആ ജ്വാലകൾ എനിക്കന്നു
വഴികാട്ടി ......

ഉണക്ക മരം











വേനൽ ചൂടിന്റെ തീക്ഷ്ണതയിലും
ഒരു തെല്ലും ഇട വിടാതെ പൊതിഞ്ഞു
ചോരയും നീരും ജീവനും വലിച്ചെടുത്തു
ഒടുവിൽ
അവശനായ മരത്തെ
ഈ തണുപ്പിനോട് ഒറ്റയ്ക്ക് മല്ലിടുവാൻ
ഒന്നൊഴിയാതെ ഉപേക്ഷിച്ചു പോയ
ഇലകളെ .......
നിങ്ങൾ മനുഷ്യനെ കണ്ടാണോ പഠിച്ചത് ?

മഞ്ഞ്

മഞ്ഞ് 



മഞ്ഞു തുള്ളി സുന്ദരിയാണ്‌
മരവിപ്പിക്കുന്ന തണുപ്പാണ് അവൾക്കു
.......മരിച്ചു വിറങ്ങലിച്ച ശരീരത്തിന്റെ തണുപ്പ് ....

Friday, September 19, 2014

ചുമരെഴുത്തുകാർ

ശശി പത്രം വായിച്ചു മടക്കിവച്ചു ...ആറി തുടങ്ങിയ കട്ടൻകാപ്പി സാമൂഹിക രോക്ഷത്തിൽ ഊതി ചൂടാക്കി  ഒരു കവിൾ നിറച്ചുതന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനും ഏറ്റവും അടുത്ത  ചങ്ങാതിയുമായ ലാപ്ടോപിൽ ഫേസ് ബുക്ക് തുറന്നു....പല വർണ്ണങ്ങളിൽ കുത്തിക്കുറിച്ചിട്ട തന്റെ ചുമരിന്റെ ഒരു ഭാഗത്തു  ഇത്തിരി  സ്ഥലത്ത് നിറമില്ലാത്ത ഒരു പെൻസിൽ കൊണ്ട് അവൻ എഴുതി...ഇനിയും എനിക്ക് നീതി കിട്ടീല .....

പറമ്പിലെ പുല്ലിനെ കുറിച്ചും .......പുല്ചാടിയുടെ അഹംഭാവത്തെ  കുറിച്ചും .....കല്ലിനെ കുറിച്ചും ......കലങ്ങിയ പുഴയെ കുറിച്ചും ....ഇന്നലെ പെയ്ത  മഴയെ കുറിച്ചും ....പുഴുത്ത  അരി കൊടുത്ത റേഷൻ കടക്കാരൻ കുമാരൻ ചേട്ടനെ കുറിച്ചും ....സർക്കാരിന്റെ അഴിമതിയെ കുറിച്ചും....അമേരിക്കയുടെ അക്രമങ്ങളെ കുറിച്ചും....സദ്ദാം ഹുസൈനെ കുറിച്ചും.....ഒക്കെ തന്റെ ചുമരിൽ .....അഥവാ തന്റെ പ്രതി കൂട്ടിൽ നിർത്തി....നാട്ടു കൂട്ടം കൂട്ടി .... അവൻ വിസ്തരിച്ചു ......ന്യായം വിധിച്ചു .......വെറുതെ  വിട്ടവർ .....കല്ലെറിയപെട്ടവർ .....തൂക്കിലേറ്റപ്പെട്ടവർ ....ജീവനോടെ കുഴിച്ചു മൂടപ്പെട്ടവർ....വീട്ടു മുറ്റത്തെ മാവിൽ തലകീഴായി കെട്ടിതൂക്കിയവർ .....അങ്ങനെ എന്തെല്ലാമോ  കഥകൾ ചുമർ നിറച്ചു .....മനസ്സും...ഹാ ....എന്തൊരു സുഖം മനസ്സിനു ......എന്നിട്ട് ശശിക്ക് നീതി കിട്ടിയോ ....ആവോ ....

ഭാരം താങ്ങാനാവാതെ ആ ചുമർ ഇടിഞ്ഞു വീണു ഒരു കാറ്റത്ത്‌ .....ചുമരിനപ്പുറം താൻ വിധിച്ചവർ ശശിയെ നോക്കി ചിരിച്ചു......നാട്ടുകൂട്ടവും അവർകൊപ്പം ....ശശി തിരിഞ്ഞു നോക്കി....പിന്നിൽ മറ്റൊരു ചുമർ ......