Translate

Saturday, September 3, 2016

വിരിയാത്ത പല്ലിമുട്ടകൾ

മോന്തായത്തിൽ നിന്ന് അടർന്ന് വീഴാറായ സിമൻറ്റ് പാളിക്കുള്ളിൽ നിറയെ പല്ലിമുട്ടകൾ. ഗൈനക്കോളജിസ്റ്റായി ആദ്യമായി ചുമതലയേറ്റ നീലേശ്വരം താലൂക്ക് ആശുപത്രിയിലെ  ക്വാർട്ടേഴ്സിന്റെ സ്വീകരണമുറിയിലെ ആ പല്ലിമുട്ടകൾ വിരിയുമായിരിക്കും എന്നു കരുതി ഞാൻ അവയെ നശിപ്പിച്ചില്ല...ഇവിടെ ഒന്നുമില്ല ഒന്നുമില്ല എന്ന ജീവനക്കാരുടെ പൊതുനിസംഗതയെ കുറച്ചു ആവേശവും ചോരതിളപ്പുമായി നേരിട്ട് ഞാൻ പ്രസവമുറി തുറന്നു....
ഉപകരണങ്ങൾ ഒന്നും തന്നെയില്ലത്രേ..
ഒന്നു കൂടി ശ്രമിച്ചപ്പോൾ രണ്ടു അലമാരികൾ തുറന്നു....അതിനുള്ളിലും പല്ലിമുട്ടകൾ.....അണ്ഢം ആണല്ലോ...ശുഭലക്ഷണം തന്നെ....ബാഗുകളിൽ കവർ പോലും പൊട്ടിക്കാത്ത പുതുപുത്തൻ ശസ്ത്രക്രിയ ഉപകരണങ്ങൾ....ഉപയോഗിച്ചിട്ടയില്ലാത്ത ഹാൻഡ് ഡോപ്ളറിനുള്ളിലിരുന്ന് (ഗർഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പും വ്യതിയായനങ്ങളും അറിയുന്നഅത്യാധുനിക ഉപകരണം)അലിഞ്ഞ ബാറ്ററി..ഇപ്പോൾ ഉപയോഗശൂന്യം....എന്നാലും ഉള്ളതെല്ലാം അടുക്കിപ്പെറുക്കി പ്രസവമുറി ക്രമീകരിച്ചു...കോൺഫറൻസ് ഹാളായി മാറിയിരുന്ന സ്ത്രീകളുടെ വാർഡ് ഒഴിച്ചെടുത്ത് കട്ടിലിട്ടു...ദിവസങ്ങൾ കഴിഞ്ഞു മാസങ്ങളും...24 മണിക്കൂർ ഗൈനക്കോളജിസ്റ്റുണ്ടായിട്ടും ആരും പ്രസവിക്കാൻ വരുന്നില്ല..ആശുപത്രിയോട് ചേർന്നു കുടികൊള്ളുന്ന ദേവിക്ക് ഇഷ്ടമല്ലത്രേ ഇതൊന്നും പലരും ഞാൻ കേൾക്കെയും കേൾക്കാതെയും അടക്കം പറഞ്ഞു.... അറിയാതെ എത്തിപ്പെടുന്ന ഗർഭിണികളോടും....
സമീപത്തെ സ്വകാര്യാശുപത്രിയിലാകട്ടെ തിരക്കോടു തിരക്കും....ഞാൻ തോറ്റു.. ഞാൻ പഠിച്ച ഗൈനക്കോളജിയും...

മാസങ്ങൾക്കു ശേഷം... അങ്ങ് തെക്ക്... കിലോമീറ്റർസ് അൻഡ് കിലോമീറ്റർസ് അകലെ ഒരാശുപത്രിയിൽ ...ഈ ഗുളിക എന്തിനാണ് ഡോക്ടറെ? ഇത് അണ്ഢോല്പാദനത്തിനാണ്.....ഇതു കഴിച്ചാൽ ഞാൻ ഗർഭിണി ആകുമോ? കുറച്ചു ഇൻജക്ഷൻ കൂടി വേണ്ടിവരും തുടർ ചികിത്സയിലൂടെ നിങ്ങൾക്കു ഗർഭിണിയാകാം....മാഡം ഊണു കഴിക്കുന്നില്ലേ മണി നാലായല്ലോ സിസ്റ്റർ ചോദിച്ചു...ബാഗുമെടുത്ത് പുറത്തേക്കിറങ്ങി....പല്ലി ചിലച്ചു ...മോന്തായത്തിലേക്ക് കണ്ണു പോയി.....ഇല്ല ,ഇവിടെ പല്ലിമുട്ടകൾ ഇല്ല..,ആരുടെയോ മൊബൈൽ ചിലച്ചതാണ്......