Translate

Saturday, June 25, 2011

ഭൂമിയിലെ മാലാഖമാര്‍..

ആര്‍ സി സിയില്‍ രക്തം ദാനം ചെയ്യാന്‍ പോയപോള്‍ യാദൃശ്ചികമായി രക്തം സ്വീകരിക്കേണ്ട വ്യക്തിയുടെ മകന്‍ എന്നെ അച്ഛനെ കാണിക്കാനായി കൂട്ടിക്കൊണ്ടു പോയി... അച്ഛന് ബ്ലഡ്‌ കാന്‍സര്‍ ആണ് ...സംസരിക്കുന്നൊന്നുമില്ല....അച്ഛാ ,ഈ ഡോക്ടര്‍,അച്ഛന് ബ്ലഡ്‌ തരാന്‍ വന്നതാണ്... അദ്ദേഹം കണ്ണ് തുറന്നു എന്നെ ഒന്ന് നോക്കി ....വീണ്ടും കണ്ണടച്ച് കിടന്നു....മകന്‍ ഡോക്ടര്‍ ആണ്...സര്‍ജറി ബിരുദാനന്തര ബിരുദം തിരുനെല്‍വേലി മെഡിക്കല്‍ കോളേജില്‍ പഠിക്കുന്നു ...എല്ലാവരും കൈ ഒഴിഞ്ഞപ്പോള്‍ ലീവ് എടുത്തു അച്ഛനെ ചികിത്സിക്കാന്‍ ആര്‍ സി സി യില്‍ വന്നതാണ് .....എന്റെ അത്രയും തന്നെ പ്രായമുള്ള ഒരു പെണ്‍കുട്ടി വന്നു മൂത്രം നനഞ്ഞിരുന്ന അച്ഛന്റെ വസ്ത്രം മാറ്റി ഉണങ്ങിയ വസ്ത്രം ധരിപ്പിച്ചു ...നനഞ്ഞ വസ്ത്രം അലക്കിയിടുന്നു... മകളായിരിക്കും,ഞാന്‍ കരുതി...തിരുവനന്തപുരത്ത് ബന്ധുക്കളോ സുഹൃത്തുക്കളോ അധികം ഇല്ലാതിരുന്നതിനാല്‍ പലപ്പോഴും എനിക്കവരെ സഹായിക്കാന്‍ പോകേണ്ടി വന്നു..മൂന്നു പേരോടും മാനസികമായി ഒരു അടുപ്പം...ഒരു ദിവസം ആ പെണ്‍കുട്ടി എന്നോട് പറഞ്ഞു ഷെറിന്‍ വിചാരിക്കുന്നപോലെ ഞാന്‍ ഡോക്ടറുടെ പെങ്ങളല്ല..ഈ അച്ഛന്റെ മകളുമല്ല ....പിന്നെ? ആ കുട്ടി ചിരിച്ചു ...ഞാന്‍ സാറിന്റെ ഒരു സുഹൃത്താണ്....സാറ് പഠിക്കുന്ന കോളേജില്‍ മൈക്രോബയോളജി വിഭാഗത്തില്‍ ബിരുദാനന്തര ബിരുദം ചെയുന്ന ഡോക്ടര്‍ ആണ്...പിന്നെ ഞാന്‍ ഒന്നും ചോദിച്ചില്ല....കല്യാണം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി ആയിരിക്കും ..മനസ്സില്‍ വിചാരിച്ചു...അല്ലാതെ ആരെങ്കിലും ഇത്രയും സീരിയസ് ആയ പഠനത്തിനിടയില്‍ വെറുമൊരു സുഹൃത്തിനു വേണ്ടി ലീവ് എടുത്തു വീട്ടില്‍ നിന്ന് മാറി ഇങ്ങനെ ഒരു ആശുപത്രിയില്‍ വന്നു മലവും മൂത്രവും ഒക്കെ കഴുകി ഇരിക്കുമോ....എന്റെ മനസ്സ് വായ്ച്ചത് പോലെ ആ കുട്ടി പറഞ്ഞു,...ഷെറിന്‍ കരുതുന്നത് പോലെ ഞങ്ങള്‍ വിവാഹിതരാകാന്‍ പോകുന്നവരല്ല,...ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടുണ്ട് എന്നല്ലാതെ മുന്‍പ് വലിയ പരിചയവുമില്ല ...സാറിന്റെ അടുത്ത സുഹൃത്ത്‌ എന്റെ റൂം മേറ്റ്‌ ആണ് ....സാറിന്റെ അച്ഛന് സുഖമില്ല എന്നും ,നോക്കാന്‍ വീട്ടില്‍ വേറെ ആരും ഇല്ല എന്നും അവള്‍ പറഞ്ഞിട്ടുണ്ട്....അവള്‍ ആണ് ഇവിടെ വരാന്‍ ഒരുങ്ങിയിരുന്നത് പക്ഷെ അവള്‍ക്കു ലീവ് കിട്ടിയില്ല...അപ്പോള്‍ പകരം ഞാന്‍ വരാമോ എന്ന് അവള്‍ ചോദിച്ചു..ഞാന്‍ സമ്മതിക്കുകയും ചെയ്തു....ഇടയ്ക്ക് രണ്ടു ദിവസം അവള്‍ ഇവിടെ വന്നിരുന്നു...ഷെറിന്‍ കണ്ടില്ല എന്ന് തോന്നുന്നു.....അച്ഛനും അമ്മയും ഒക്കെ സമ്മതിച്ചോ ഇങ്ങനെ വലിയ പരിചയമൊന്നും ഇല്ലാത്ത ഒരാളെ ശുശ്രുഷിക്ക്കാന്‍ പഠനം ഒക്കെ മാറ്റി വച്ച് രണ്ടു മൂന്നാഴ്ച അവധിയും എടുത്തു ഇങ്ങനെ വന്നു നില്‍ക്കാന്‍ ?ഒരു പക്ഷെ ഇത്രയും ലീവ് കാരണം ഒരു സെമെസ്റെര്‍ പരീക്ഷ തന്നെ എഴുതാന്‍ പറ്റാതെ വരില്ലേ? ഒരാള്‍ക്ക്‌ ഒരു ആവശ്യം വരുമ്പോഴല്ലേ സഹായിക്കേണ്ടത്...പിന്നെ അമ്മ ഡോക്ടര്‍ ആണ്...അമ്മ പറഞ്ഞത്,ഇത് നല്ല കാര്യം തന്നെയാണ്..ലീവ് എടുത്തു അദ്ദേഹത്തെ നോക്കിയിട്ട് വന്നാല്‍ മതി എന്നാണു... മാത്രമല്ല,സാറിന്റെ അച്ഛന് തുടക്കത്തില്‍ ഞാന്‍ ഇതൊക്കെ ചെയ്യുന്നതില്‍ എതിര്പുണ്ടായിരുന്നു എങ്കിലും ഇപ്പോള്‍ ഒരു മകളെ പോലെ എന്നോട് അട്ജസ്റ്റെട് ആണ്...എന്റെ അച്ഛനാണെങ്കില്‍ ചെറുപ്പതിലെ മരിച്ചുപോയി..എനിക്ക് എന്റെ അച്ഛനെ ശുശ്രൂഷിക്കാന്‍ അവസരം കിട്ടി എന്നെ ഞാന്‍ കരുതുന്നുള്ളൂ......ആ കുട്ടിയുടെ മുന്‍പില്‍ ഞാനങ്ങു ചെറുതായി ചെറുതായി ഇല്ലാതായി പോകുന്നത് പോലെ തോന്നി എനിക്ക് .....ആ കുട്ടിയോടെ ഒരു പാട് സ്നേഹവും ബഹുമാനവും ആരാധനയും....ദിവസങ്ങള്‍ കടന്നു പോയി...ഒരു ദിവസം രാവിലെ അദ്ദേഹം മരിച്ചു എന്ന് എനിക്ക് ഫോണ്‍ വന്നു .....എന്നെ ഒരു പാട് പാഠങ്ങള്‍ പഠിപ്പിച്ച ആ കുട്ടി ആംബുലന്‍സില്‍ അച്ഛന്റെ അടുത്തിരിക്കുന്നു ,കരഞ്ഞു കലങ്ങിയ കണ്ണുകളുമായി.... മനസ്സില്‍ എന്തോ ഒരു വേദനയോടെ ഞാന്‍ നോക്കി നിന്നു അവര്‍ പോയി മറയുന്നത്... ...

Thursday, June 23, 2011

വഴി തേടുന്ന മനസ്സുകള്‍ ..

ഡോക്ടര്‍ കല്യാണം കഴിച്ചതാണോ? ഞാന്‍ തിരിഞ്ഞു നോക്കി ...ജനല്‍ കമ്പിയില്‍ തൂങ്ങിയിരുന്നു കൊണ്ട് വിജയന്‍ ആചാരിയാണ് ചോദിക്കുന്നത്....ഞാന്‍ പുഞ്ചിരിച്ചു....കണ്ടില്ലേ കണ്ടില്ലേ ഡോക്ടറിനു നാണം വരുന്നു ....ഡോക്ടറ് ക്രിസ്ത്യാനി ആണോ ? അതേ....ഡോക്ടറിന് കാര്‍ ഉണ്ടോ ?ഉം .....അകലെ അകലേ നീലാകാശം ....എന്റെ ശബ്ദം എങ്ങനെയുണ്ട് ഡോക്ടറെ ?കൊള്ളാം നന്നായിട്ടുണ്ട്....അതല്ല, ദിക്കുകള്‍ പ്രകമ്പനം കൊള്ളുമോ? ഉവ്വല്ലോ ..ശരിക്കും? അതേ ശരിക്കും ....കുറച്ചു കൂടി ഉച്ചത്തില്‍ പാട്ട് പാടി അദ്ദേഹം വാര്‍ഡ്‌ ഇനുള്ളില്ലൂടെ നടന്നു...പോടാ ഭ്രാന്താ ഒച്ചവയ്ക്കാതെ...ആരുടെയോ ശകാരം ...വിജയന്‍ ആചാരിയുടെ വീട്ടില്‍ നിന്നും ആരും വന്നില്ലേ കൂട്ടിക്കൊണ്ടുപോകാന്‍ ,സിസ്റ്റര്‍? രണ്ടു ആണ്‍ മക്കളാണ് ഉള്ളത് ..അവര്‍ കല്യാണം കഴിഞ്ഞു കുടുംബമായി സുഖമായി ജീവിക്കുന്നു ...അവര്‍ക്ക് അച്ഛനെ വേണ്ട .... ഇദ്ദേഹത്തെ ഇവിടെ അഡ്മിറ്റ്‌ ചെയ്തപ്പോള്‍ വന്നതാണ് ..പിന്നീട് ഇതുവരെ വന്നിട്ടില്ല...കത്തുകള്‍ക്ക് മറുപടിയും ഇല്ല .....ഇവരുടെയൊക്കെ കാര്യം ഇങ്ങനെയാ ഡോക്ടറെ ....റൌണ്ട്സ് കഴിഞ്ഞു ഞാന്‍ നടന്നു നീങ്ങി....പിന്നാലെ ആരോ ഓടി വരുന്നു...ഡോക്ടര്‍ ഡോക്ടര്‍...വിജയന്‍ ആചാരിയാണ്‌ ...ഞാന്‍ ഡോക്ടറോട് ഒരു കാര്യം ചോദിക്കട്ടെ? ചോദിച്ചോളൂ ....ഞാന്‍ ...ഞാന്‍ ...ഡോക്ടറെ..കല്യാണം കഴിക്കട്ടെ??അതെന്താ ഇപ്പോള്‍ അങ്ങനെ തോന്നാന്‍?ഡോക്ടറിനു എന്നെ ഇഷ്ടമല്ല അല്ലേ?സാരമില്ല,എന്നാല്‍ ഡോക്ടര്‍ എന്നെ ഈ ആശുപത്രിയുടെ മതില്‍ കെട്ടിന് വെളിയില്‍ എത്തിക്കാമോ? ഡോക്ടറുടെ കാറില്‍ ആകുമ്പോള്‍ ആരും അറിയില്ല .....വെളിയില്‍ എത്തിയിട്ടെന്തിനാ? എനിക്ക് വീട്ടില്‍ പോകാനാ...മക്കള്‍ വരട്ടെ,എന്നിട്ട് പോയാല്‍ പോരെ?അവരൊന്നും വരില്ല ഡോക്ടര്‍....ഞാന്‍ തനിയെ പൊയ്കോളാം..പോകാന്‍ കയ്യില്‍ കാശുണ്ടോ? ഇല്ല ..എങ്ങിനെ പോകും പിന്നെ? നടന്നു പോകും ...വീടെവിടെയാ? ആലപ്പുഴയില്‍ ..അത് ശരി ഇവിടെ വന്നു നില്‍ക്കുവാന്നല്ലേ ? ആര് പറഞ്ഞിട്ടാ വാര്‍ഡില്‍ നിന്ന് പുറതെക്കിരങ്ങിയത്? രണ്ടു അറ്റെന്‍ടെര്‍മാര്‍ അദ്ദേഹത്തെ പിടിച്ചു കൊണ്ട് തിരികെ നടന്നു.....ഡോക്ടര്‍...ഞാന്‍ പറഞ്ഞ കാര്യം മറക്കല്ലേ... ഇവരോടൊന്നും പറയണ്ട ...അകലെ അകലെ നീലാകാശം......മിണ്ടാതെ നടക്കെടാ ...

Wednesday, June 22, 2011

ഈ ഓര്‍മ്മകള്‍ മരിച്ചു പോയിരുന്നെങ്കില്‍......

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഹൌസ് സര്‍ജെന്സി ചെയ്യുന്ന സമയം ...സര്‍ജറി വിഭാഗത്തിലെ ഇരുപത്തിനാല് മണിക്കൂര്‍ തുടര്‍ച്ചയായ ഡ്യൂട്ടിയുടെ ഭാഗമായി രാത്രി എട്ടുമണിക്ക് അത്യാഹിത വിഭാഗത്തില്‍ ഞാന്‍ ഡ്യൂട്ടിയ്ക് കയറി...നല്ല തിരക്കായിരുന്നു...ഇപ്പോള്‍ ഒരു ആക്സിടെന്റ്റ് വന്നതെയുള്ളു..ഒരാള്‍ സീരിയസ് ആയിരുന്നു...തലച്ചോറിനു ക്ഷതം ഏറ്റിരുന്നു...അത്യാഹിത വിഭാഗത്തിലെ ഐ സി യു യില്‍ വച്ച് മരിച്ചു പോയി...എനിക്ക് മുന്‍പ് ഡ്യൂട്ടി യില്‍ ഉണ്ടായിരുന്ന ഹൌസ് സര്‍ജെന്‍ എന്നോട് പറഞ്ഞിട്ട് പോയി.......തിരക്ക് തുടര്‍ന്നു ..അപകടങ്ങള്‍ ..പരിക്കുകള്‍ ....വേദനകള്‍.....പുലര്‍ച്ചെ രണ്ടു മണി ആയപ്പോള്‍ തിരക്ക് കുറഞ്ഞു ..മറ്റു ഡോക്ടര്‍ മാര്‍ കിടന്നു...ക്ഷീണം കൊണ്ട് ഞാന്‍ മേശപ്പുറത്ത് തല വച്ച് കിടന്നു...ഡോക്ടര്‍ ഡോക്ടര്‍...ശബ്ദം കേട്ട് ഞാന്‍ ഉണര്‍ന്നു....എന്റെ അടുത്ത് നല്ല വസ്ത്രം ധരിച്ച ഒരു മധ്യവയസ്കന്‍ നില്‍ക്കുന്നു...എന്താ ?എന്റെ മകന് ഇപ്പോള്‍ എങ്ങനെയുണ്ട് ഡോക്ടര്‍? ഞാന്‍ ഒരു നിമിഷം ആലോചിച്ചു ...ഇദ്ദേഹത്തെ കണ്ടതായി ഓര്മ വരുന്നില്ല ....നിങ്ങളുടെ മകന് എന്ത് പറ്റി ?..നേരത്തെ ഒരു ജീപ്പ് അപകടത്തില്‍ പെട്ട് വന്നതാണ് ...നിങ്ങളുടെ മകനെ എവിടെയാണ് കിടത്തിയിരിക്കുന്നത്? ഐ സി യു യില്‍ ആണ് ...ഞാന്‍ നിങ്ങളുടെ മകനെ കണ്ടില്ല,നോക്കിയിട്ട് പറയാം...ശരി ഡോക്ടര്‍....ഞാന്‍ ഐ സി യു ഇലേക്ക് നടന്നു ...അകത്തു കയറി.. ആരും ഇല്ല..സിസ്റ്റര്‍ ,ഇവിടെ ഒരു രോഗി ഉണ്ടായിരുന്നോ? ഇല്ലല്ലോ ഡോക്ടര്‍ ...ഒരു ജീപ്പ് അക്സിടെന്റ്റ് പറ്റി വന്ന ആരെങ്കിലും ഉണ്ടായിരുന്നോ?ആരെയെങ്കിലും വാര്‍ഡ്‌ ഇലേക്കോ മറ്റോ മാറ്റിയിരുന്നോ?...... നേരത്തെ ജീപ്പ് അക്സിടെന്റ്റ് പറ്റി വന്ന ഒരു ചെറുപ്പക്കാരന്‍ ആണ് അവസാനമായി ഐ സി യു യില്‍ വന്നത് ..പുള്ളിക്കാരന്‍ മരിച്ചല്ലോ..മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു ...ഞാന്‍ തിരിച്ചു നടന്നു.... അവിടെ കാത്തു നില്‍കുന്ന ആള്‍ മരണ വിവരം അറിഞ്ഞിരിക്കില്ലേ ?ഞാന്‍ എങ്ങനെ അദ്ദേഹത്തോട് ഇത് പറയും....പുലര്‍ച്ചെ രണ്ടു മണി ...അത്യാഹിത വിഭാഗം ആളൊഴിഞ്ഞു കിടക്കുന്നു ..ഇദ്ദേഹം മാത്രം ആകാംഷയോടെ എന്നെ നോക്കി നില്‍ക്കുന്നു ...മരണ വിവരം ഞാന്‍ പറയുമ്പോള്‍ ഇദ്ദേഹം എങ്ങനെ പ്രതികരിക്കും .... എന്റെ മകന് എങ്ങനെ യുണ്ട് ഡോക്ടര്‍? ... നിങ്ങളുടെ മകനെ കൊണ്ട് വന്നപോഴേ സീരിയസ് ആയിരുന്നല്ലോ..ഡോക്ടര്‍ പറഞ്ഞിരുന്നില്ലേ ...ഡോക്ടര്‍ പറഞ്ഞത് എന്റെ മകന്‍ സീരിയസ് ആണ് മരിച്ചു പോയി എന്നാണു...എന്റെ മകന്‍ മരിക്കില്ല ഡോക്ടര്‍ ...ഞങ്ങളുടെ കുടുംബം എല്ലാം അപകടത്തില്‍ പെട്ടു...ഞങ്ങള്‍ക്കാര്‍ക്കും ഒരു പോറല്‍ പോലും പറ്റിയില്ല ..പിന്നെ അവന്‍ മാത്രം എങ്ങനെ മരിക്കും ഡോക്ടര്‍ ?? ...ദൈവം ഞങ്ങളെയെല്ലാം കാത്തു..ഞാന്‍ ഇത്രയും നേരം പ്രാര്‍ഥിച്ചു ....ദൈവം ഞങ്ങളെ കൈവിടില്ല ...എനിക്കുറപ്പാണ്,...ഇപ്പോള്‍ അവനു എങ്ങനെയുണ്ട് ഡോക്ടര്‍...അവനു ജീവന്‍ വന്നില്ലേ?...ആ അച്ഛനോട് എനിക്കൊന്നും മറുപടി പറയാന്‍ സാധിച്ചില്ല ..ഞാന്‍ തലകുലുക്കി ...കുറച്ചു മാറി ഇദ്ദേഹം കാണാത്ത സ്ഥലത്ത് പോയി ഇരുന്നു ..അല്‍പ സമയം കഴിഞ്ഞു നോക്കിയപ്പോള്‍ ഇദ്ദേഹം പോയി...ഞാന്‍ തിരികെ വന്നു എന്റെ കസേരയില്‍ ഇരുന്നു...വീണ്ടും തിരക്കായി....രാവിലെ എട്ടു മണിയായി...ഞാന്‍ പോകാന്‍ ഇറങ്ങുമ്പോള്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഉച്ചത്തില്‍ ആരോടോ കയര്‍ക്കുന്നത് കേട്ടു..ഞങ്ങള്‍ക്കങ്ങനെ വീണ്ടും വീണ്ടും നോക്കേണ്ട കാര്യമൊന്നുമില്ല ...നിങ്ങളോട് എത്ര പ്രാവശ്യം പറയണം... നിങ്ങളുടെ മകന്‍ മരിച്ചു പോയി എന്ന് .....

Tuesday, June 21, 2011

തിരക്കിലെ മുഖങ്ങള്‍...

പനിയാണ് ഡോക്ടര്‍ ...എത്ര ദിവസംആയി പനിതുടങ്ങിയിട്ട്? മൂന്നു ദിവസം... ...... ....... .......ഈ മരുന്ന് കഴിക്കണം ,,കുറവില്ലെങ്കില്‍ നാളെ രക്തവും മൂത്രവും പരിശോധിച്ച് കാണിക്കണം...പിന്നില്‍ വരിയോന്നുമില്ലാതെ ഒരു ആള്‍ കൂട്ടം തന്നെ നില്‍ക്കുന്നുണ്ട് ...രോഗികളും കൂടെ വന്നവരും ...ഇതില്‍ എത്രപേരാണോ ആവോ രോഗികള്‍ ....അത്യാഹിത വിഭാഗം ഒരു തുറന്ന മുറിയാണ് ...ആരോരുമില്ലാത്തവര്‍ ഒറ്റയ്ക്കും അധികം സുഹൃത്വലയവും ബന്ധുക്കളും ഉള്ളവര്‍ ഒരു ശക്തിപ്രകടനവുമായാണ് വരാറ്...ആള്‍ക്കുട്ടത്തിനിടയില്‍ പ്രായംചെന്ന ക്ഷീണിതരായ മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച ഒരു അച്ഛനും അമ്മയും നില്കുന്നുണ്ട്..ഏതോ ഒരു നാട്ടുമ്പുറത്ത് നിന്ന് വന്നവരാണ് എന്ന് തോന്നുന്നു ...കയ്യില്‍ രണ്ടു പ്ലാസ്റ്റിക്‌ സഞ്ചിയും അതില്‍ കുറച്ചു വസ്ത്രങ്ങളും ഇരിപ്പുണ്ട് ,....വളരെ പുറകിലാണ് ...മുന്നില്‍ തിരക്ക് കൂട്ടി നിന്ന രണ്ടു പേരെ നോക്കി ...അവരുടെ അത്യാഹിതം ജലദോഷവും പനിയുമാണ്...ഒപി യില്‍ വരിയില്‍ നിന്ന് ഡോക്ടറെ കാണാനുള്ള സമയമില്ലാത്ത വളരെ തിരക്ക് പിടിച്ച വ്യക്തികള്‍.... അത്യാഹിത വിഭാഗമാകുംബോള്‍ പെട്ടെന്ന് നോക്കുമല്ലോ ...അതുകൊണ്ട് വന്നവര്‍.. വീണ്ടും രോഗികള്‍ക്ക് വരുന്നുണ്ട് പക്ഷെ ആ പ്രായം ചെന്ന ദമ്പതികള്‍ പിന്നില്‍ തന്നെ നില്കുന്നു.....ആ അപ്പച്ചന്റെ മുഖത്ത് ഒരു ദൈന്യത...ക്ഷീണം,....അമ്മച്ചിയെ താങ്ങിയാണ് നില്കുന്നത്...പക്ഷെ അവര്‍ എന്റെ അടുത്തേക്ക് വരുന്നില്ല എന്ന് മാത്രമല്ല ...മറ്റുള്ളവര്‍ ഇവരെ പിന്നിലേക്ക്‌ തള്ളി മാറ്റികൊണ്ടിരികുകയാണ് ...ഇതിനിടയില്‍ അടുത്ത രോഗി എന്റെ അടുത്തിരുന്നു രോഗം വിവരിക്കുകയാണ്...വര്‍ഷങ്ങളായുള്ള മുട്ട് വേദന...ഉറക്കമില്ല...വിശപ്പില്ല....ശരീരം മുഴുവന്‍ വേദന ..തലവേദന...മുടി കൊഴിയുന്നു,...ഫോണ്‍ ബെല്ലടിച്ചു..സൂപ്രണ്ട് ആണ്..ഒരു പ്രമുഖ ദിനപത്രത്തിലെ പത്രപ്രവര്‍ത്തകന്‍ വരുന്നുണ്ട് നെഞ്ച് വേദനയായിട്ടു .വിശദമായി നോക്കണേ .....വേദന സംഹാരികള്‍ നല്‍കി ഒപി യില്‍ കാണിച്ചു വിശദമായ പരിശോധനയ്ക്കായി ആ രോഗിയെ വിട്ടു....ആ പിന്നില്‍ നില്‍കുന്ന അപ്പച്ചനെയും അമ്മച്ചിയും ഇങ്ങോട്ട് കടത്തിവിടു ...മുന്നില്‍ നിന്നവര്‍ മുറുമുറുക്കുന്നുണ്ട്...ഞാന്‍ സാരമാക്കിയില്ല...ഇവിടെ ഇരിക്കു...എന്താ അപ്പച്ചാ ബുദ്ധിമുട്ട്? നെഞ്ചിനൊരു ഭാരം പോലെ .....എത്ര നേരമായി തുടങ്ങിയിട്ട് ?രാവിലെ മുതലേ ഉണ്ട്....വീണ്ടും ഫോണ്‍....ആശുപത്രിയിലെ മറ്റൊരു ഡോക്ടറാണ്...ഒരു പത്രപ്രവര്‍ത്തകന്‍ വരുന്നുണ്ട് നെഞ്ചു വേദനയായിട്ടു.... ,,സൂപ്രണ്ട് പറഞ്ഞിരുന്നു..ഞാന്‍ നോക്കിക്കോളാം ..വേഗം ഫോണ്‍ വച്ചു ..പ്രഷര്‍ ഇനോ പഞ്ചസാരയ്ക്കോ മരുന്ന് കഴിക്കുനുണ്ടോ അപ്പച്ചാ ... ഇല്ല...പ്രഷര്‍ വളരെ കുറവാണ്...അകത്തെ ആദ്യത്തെ കട്ടിലില്‍ കിടത്തു...അവിടെ ഇ സി ജി എടുക്കും...കിട്ടുമ്പോള്‍ എന്നെ കാണിക്കണം ..ആളെ നടത്തണ്ട...കേട്ടോ അമ്മെ? ശരി ഡോക്ടറെ ....വീണ്ടും ഫോണ്‍....പത്രപ്രവര്ത്തകന് വേണ്ടി തന്നെ! തിരക്കിട്ട് പലരും മരുന്ന് എഴുതി വാങ്ങി പോയി....അമ്മച്ചി ഇ സി ജി കൊണ്ട് വന്നു കാണിച്ചില്ല ...പത്രപ്രവര്‍ത്തകന്‍ വന്നു ,,,,എന്താ ബുണ്ടിമുട്ടു?വയറു വേദന...ഗ്യാസ് ആണ് ഡോക്ടര്‍....നെഞ്ചു വേദനയുണ്ടോ?ഇല്ല...പ്രഷര്‍ ഉം നോര്‍മല്‍ ആണല്ലോ ...ഇന്നലെയോ ഇന്നോ അമിതമായി മദ്യപിചിരുന്നോ?ഉവ്വ് ....ഭയംകര പുകവലിയുമാണ് ഡോക്ടറെ,സമയത്തിന് ഭക്ഷണവും കഴിക്കില്ല..കൂടെയുണ്ടായിരുന്ന ശിങ്കിടി പറഞ്ഞു...എന്തായാലും വേദനയ്ക്ക് ഒരു കുത്തിവയ്പ് എടുത്തിട്ട് ഒരു ഇ സി ജി എടുത്തു കാണിക്കു.........സമയം കടന്നു പോയി... അമ്മച്ചി ഇ സി ജി കൊണ്ട് വന്നില്ലല്ലോ .. ....... ... അടുത്തുള്ള ജൂനിയര്‍ ഡോക്ടറോട് ചോദിച്ചു ഒരു പ്രായം ചെന്ന സ്ത്രീ ഇ സി ജി വന്നു കാണിച്ചിരുന്നോ?ഇല്ല ...രോഗികള്‍ കിടക്കുന്ന ഭാഗത്തേക്ക് ഞാന്‍ ചെന്നു...അപ്പച്ചന്‍ കിടക്കുന്നുണ്ട്....അമ്മച്ചി അടുത്ത് ഓ പി ചീട്ടും ഇ സി ജി യും ആയി അപ്പച്ചന്റെ അടുത്ത് നില്‍ക്കുന്നു ...എന്താണമ്മേ ഇ സി ജി കിട്ടിയിട്ട് എന്നെ കാണിക്കാത്തത്?....മോള് തിരക്കായത് കൊണ്ടാണ് ..അങ്ങോട്ട്‌ വന്നു ബുദ്ധിമുട്ടിക്കണ്ടാന്നു അപ്പച്ചന്‍ പറഞ്ഞു ..........ഇ സി ജി കണ്ടു...ഹൃദയാഘാതമാണ് ...സിസ്റ്റര്‍...ഈ അപ്പച്ചനെ വേഗം ഐ സി യു ഇലേക്ക് മാറ്റണം ..കാര്‍ഡ്‌ഇയോലോഗിസ്റ്റ് ഇനെ ഞാന്‍ വിളിച്ചു പറഞ്ഞോളാം... അമ്മെ...കൂടെ ആരെങ്കിലും ഉണ്ടോ ? ഇല്ല ...വീടെവിടെയാണ് ?കാട്ടാക്കടയ്ക്കപ്പുറത്തആണ് ....അപ്പച്ചന്റെ ഇ സി ജി യില്‍ ചെറിയ പ്രശ്നമുണ്ട് ...ഹൃദയത്തിനു പ്രശ്നമുള്ളതായി കാണുന്നുണ്ട് ...ഇവിടുത്തെ ഐ സി യു ഇലേക്ക് മാറ്റുകയാണ് ...ഇവിടെ ഹൃദയത്തിന്റെ ഡോക്ടര്‍ ഉണ്ട് ....അദ്ദേഹം അവിടെ വന്നു നോക്കികോളും....അമ്മച്ചി തലകുലുക്കി...ഒന്നും പറഞ്ഞില്ല ..കണ്ണ് നിറഞ്ഞു ....വീണ്ടും ഫോണ്‍....പത്രപ്രവര്ത്തകന് വേണ്ടി തന്നെ,,,അദ്ധേഹത്തിന്റെ ഇ സി ജി യില്‍ കുഴപ്പമൊന്നുമില്ല ...അമിതമായി മദ്യപിച്ചതിന്റെ യാണ് വയറു വേദന .......ഡോക്ടറേ രാവിലെ മുതല്‍ മൂക്കിന്റെ അകത്തൊരു ചൊറിച്ചില്‍...ഇപ്പോള്‍ ചെറുതായിട്ട് മൂക്ക് ഒലിക്കുന്നുമുണ്ട്...രണ്ടു മൂന്നു പ്രാവശ്യം തുമ്മി .... ....സ്ട്രെട്ചെരില്‍ അപ്പച്ചനെ അത്യാഹിത വിഭാഗത്തില്‍ നിന്ന് ഐ സി യു ഇലെക്ക്ക് കൊണ്ട് പോകുന്നു ...പ്ലാസ്റ്റിക്‌ സഞ്ചികള്‍ വാരിപ്പിടിച്ചു അമ്മച്ചി കൂടെ നടന്നു മറഞ്ഞു .....ഇന്നലെ മഴനഞ്ഞിരുന്നു അതിന്റെ നീര്‍ വീഴച്ചയയിരിക്കും അല്ലേ ഡോക്ടര്‍ ????

Monday, June 20, 2011

നഷ്ടപ്പെട്ട കാഴ്ചകള്‍ ...

കഴിഞ്ഞ ദിവസം ...വളരെ തിരക്കുള്ള അത്യാഹിത വിഭാഗത്തില്‍ ,തിരക്കിനിടയില്‍ കൂടി ഒരു കൊച്ചു പെണ്‍കുട്ടി ഏഴോ എട്ടോ വയസ്സ്.. എന്റെ അടുത്തേക്ക് വന്നു ഒരു കടലാസ് കഷണം നീട്ടി ...കടലാസ്സില്‍ രണ്ടു വാക്ക് - ഡോക്ടര്‍ ഷെറിന്‍ ....ഞാനാണ്‌ ഡോക്ടര്‍ ഷെറിന്‍ എന്താ? അപ്പോള്‍ കുട്ടിയുടെ പിന്നില്‍ നിന്നും ,കുട്ടിയുടെ കൈ പിടിച്ചു ഒരു വയോധികന്‍ മുന്നിലേക്ക്‌ വന്നു...എന്‍റെ പിന്നിലെ ചുമരിലേക്കു നോക്കി അദ്ദേഹം സംസാരിക്കാന്‍ തുടങ്ങി...അദ്ദേഹം അന്ധനാണ് ...ഡോക്ടര്‍,കഴിഞ്ഞ അന്ജാം തീയതി രാത്രി എന്‍റെ മകനെ അപകടത്തില്‍ പെട്ട് ഇവിടെ എത്തിച്ചിരുന്നു...അനാഥന്‍ എന്ന നിലയില്‍ ...ഞങ്ങള്‍ അറിഞ്ഞു ഇവിടെയെത്തും മുന്‍പേ ആളിനെ മെഡിക്കല്‍ കോളേജ് ലേക്ക് മാറ്റിയിരുന്നു ..ഇപ്പോഴും ബോധം വന്നിട്ടീല്ല ...രേഖകളില്‍ അനാഥന്‍ എന്ന പേര് വച്ച് ഞങ്ങള്‍ക്ക് ചികിത്സ സഹായം കിട്ടീല്ല..ഡോക്ടര്‍ ആ പേര് മാറ്റി തരണം...വളരെ തിരക്ക്..പക്ഷെ അദ്ദേഹതോട് കാത്തു നില്‍കാന്‍ പറയാന്‍ തോന്നിയില്ല ....വേഗം ആ രേഖകള്‍ ആഫീസില്‍ നിന്ന് കൊണ്ട് വരാന്‍ പറയൂ ഞാന്‍ മാറ്റി തരാം...ആഫീസില്‍ നിന്നും അറ്റെന്ടെര്‍ അല്‍പ സമയത്തില്‍ രേഖകള്‍ കൊണ്ട് വന്നു...പേരും വിലാസവും മാറ്റി കൊടുത്തു ...അദ്ദേഹം ചുമരിലേക്കു നോക്കി വീണ്ടും പറഞ്ഞു വളരെ ഉപകാരം ഡോക്ടറെ ...ഞങ്ങള്‍ പോട്ടെ...പെണ്‍കുട്ടി അദ്ദേഹത്തിന്റ്റെ കൈ പിടിച്ചു കുലുക്കികൊണ്ട്‌ പറഞ്ഞു അപ്പൂപ്പാ ഡോക്ടര്‍ അവിടെയല്ല ..ഇതാ ഇവിടെയാണ്‌ .....അദ്ദേഹം വീണ്ടും ചുമരിലേക്കു നോക്കി കൈ കൂപ്പി .......