Translate

Sunday, October 16, 2011

വെറുക്കപ്പെട്ടവര്‍..

രാത്രി ഒന്നര ..അത്യാഹിതവിഭാഗത്തിന്റെ മുന്നില്‍ പോലീസ് ജീപ്പ് വന്നു നിന്നു ..രണ്ടു പോലീസുകാര്‍ മദ്യപിച്ചു ലക്കുകെട്ട ഒരു മനുഷ്യനെ രണ്ടു കയ്യിലും പിടിച്ചു തൂക്കി കൊണ്ടുവന്നു എനിക്ക് പരിശോധിക്കാനായി സ്ടൂളില്‍ ഇരുത്തി..മദ്യപിച്ചതിന്റെ സര്‍ടിഫിക്കറ്റ് -നു വേണ്ടിയാണോ? അല്ല ഡോക്ടറെ ഇയാള്‍ മദ്യപിച്ചു ഓട്ടോ ഓടിച്ചു നമ്മുടെ ******** റോഡ്‌ ഇല്‍ കരിക്കുവില്കുന്നവരില്ലേ,അവരുടെ വീട്ടിലെ സ്ത്രീകളോട് അപമര്യാദയായി പെരുമാറി ..അവന്മാരാനെങ്കില്‍ വെട്ടുകത്തിയും ആയുധങ്ങളും ഒക്കെയായി ഇവനെ പൊതിരെ തല്ലി..ഞങ്ങള്‍ സമയത്തിന് എത്തിയില്ലായിരുന്നെങ്കില്‍ കൊന്നു കളഞ്ഞേനെ..."ഓ പിന്നെ ..അവരെന്നെ അങ്ങ് *****ഉം ഞാന്‍ ആ ****** ഒക്കെ ഒരു പാഠം പഠിപ്പിക്കും ...ഞാന്‍ ആരാന്നു അവര്‍ക്ക് അറിയില്ല ...നിങ്ങളെന്നെ വിട്ടലുടനെ ഞാന്‍ അവര്‍ക്ക് പണി കൊടുക്കും ...*** *** ...ഡാ മിണ്ടാതിരിക്കെടാ പോലീസുകാരന്‍ അയാളെ വിലക്കി....മുഖത്തും ശരീരത്തിലും രണ്ടു മൂന്ന് ചെറിയ വെട്ടുകളും അനേകം ചതവുകളും ഉണ്ട്...ഞാന്‍ മരുന്നെഴുതി തുടങ്ങി...എനിക്ക് ചികിത്സയൊന്നും വേണ്ട ഡോക്ടറെ ,,എന്നെ ഒന്ന് വിട്ടാല്‍ മതി..അവന്മാരെ എനിക്ക് ശെരിയാക്കണം... ഞങ്ങള്‍ ഇവനെ അകത്തു കൊണ്ട് കിടതട്ടെ ഡോക്ടര്‍?ശെരി..ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപോള്‍ സിസ്റ്റര്‍ ഓടിവന്നു ..മാടം,T T എടുത്തപ്പോള്‍ അയാള്‍ തറയില്‍ വീണു ബോധം ഇല്ലാത്തതു പോലെ കിടക്കുകയാണ്..ഞാന്‍ പോയി നോക്കിയപോള്‍ ശെരിയാണ് ...ബോധമില്ലാതതുപോലെ കണ്ണിറുക്കിയടച്ചു കിടക്കുകയാണ്...കുറച്ചുനേരം കിടക്കട്ടെ ഞാന്‍ പോലീസുകാരോട് പറഞ്ഞു...എന്തെങ്കിലും കുഴപ്പമുണ്ടോ ഡോക്ടര്‍?ഇല്ല വെറുതെ കിടക്കുകയാ...നിങ്ങള്‍ മാറിനിന്നാല്‍ എഴുന്നേറ്റു പോയ്കോളും..കേസ് ഇല്ലെങ്കില്‍ വീട്ടുകാരെ അറിയിച്ചു അവരെ ഏല്പിച്ചു നിങ്ങള്‍ പൊയ്കോളൂ -ഞാന്‍ പോലീസുകാരോട് പറഞ്ഞു...ഇന്ന് ഇവനെ വിടാന്‍ പറ്റില്ല ഡോക്ടറെ ,ആ കരിക്ക് വില്പനക്കാര്‍ ഇവനെകിട്ടിയാല്‍ കൊന്നുകളയും അമ്മാതിരി പണിയാ അവന്‍ കാണിച്ചത്...ഏറെ നേരം കഴിഞ്ഞു...ഞാന്‍ അയാളെ തട്ടി എഴുന്നേല്‍പിച്ചു ..പോലീസുകാര്‍ പോയി നിങ്ങള്‍ പോയ്കൊള്ളൂ.പതിയ കണ്ണുതുറന്നു,,,അയാള്‍ വരാന്ത ഇല്‍ എത്തിയപോള്‍ മാറി നില്‍കുന്ന പോലീസുകാരെ കണ്ടു ..വീണ്ടും ബോധം ഇല്ലാത്തതുപോലെ വീണു കിടപ്പായി വരാന്തയില്‍...ഒരു പോലീസുകാരന്‍ അയാളുടെ അടുത്ത് വന്നു "സൌഹൃദ സംഭാഷണം"തുടങ്ങി ..എടാ ഇവിടെ നീ ഈ തറയില്‍ കൊതുകുകടിയും കൊണ്ട് ഫാന്‍ ഉം ഇല്ലാതെ കിടക്കേണ്ട വല്ല കാര്യവും ഉണ്ടോ ? സ്റ്റേഷനില്‍ ആണെങ്കില്‍ നല്ല ടയില്സ് ഇട്ട തറ ,ഫാന്‍ ഉം ഉണ്ട് കൊതുകടിയും കൊള്ളണ്ട...ഉം അയാള്‍ മൂളി ...അതിരിക്കട്ടെ നിന്റെ വീട്ടില്‍ ആരൊക്കെയുണ്ട്? കണ്ണടച്ച് കിടന്നു ആണെങ്കിലും ഉത്തരങ്ങള്‍ പെട്ടെന്ന് പെട്ടെന്ന് വന്നു...ഉം രണ്ടു പിള്ളേര് മാത്രമേയുള്ളൂ സാറേ ..അതെന്താ നിന്റെ ഭാര്യ എവിടെപോയി ..അവള്‍ മരിച്ചുപോയി സാറേ ..അതെന്തുപറ്റി? അവള്‍ക്കു TB ആയിരുന്നു ഒരു മാസം മുന്‍പ് മരിച്ചുപോയി...നീ ആശുപത്രിയില്‍ ഒന്നും കൊണ്ടുപോയില്ലേ ?കൊണ്ടുപോയി..മെഡിക്കല്‍ കോളേജ് ഇലും പുലയനാര്‍ കോട്ട യിലുമൊക്കെ കൊണ്ടുപോയി ചികിത്സിച്ചു ..ജീപ്പ് വന്നില്ലേ സാറേ നമുക്ക് പോകാന്‍? പോലീസുകാരന്‍ എന്നെ നോക്കി ചിരിച്ചു ..ഞാന്‍ വരാന്തയില്‍ നിന്നും എന്റെ റൂമിലേക്ക്‌ തിരിച്ചു നടന്നു,....സമയം രണ്ടര ....അയാള്‍ അവസാനം പറഞ്ഞ കാര്യങ്ങള്‍ മനസ്സിലൂടെ വീണ്ടും വീണ്ടും കടന്നുപോയി...അയാള്‍ വെറുതെ സഹതാപത്തിന് വേണ്ടി പറഞ്ഞതാവും...അല്ല ,,,അയാളെ ഞാന്‍ മുന്‍പ് കണ്ടിട്ടുണ്ടോ?അയാളുടെ ഭാര്യയെ ?രണ്ടു കുട്ടികളെയും ? ഉണ്ട്...കണ്ടിട്ടുണ്ട്...നാലോ അന്ജോ മാസം മുന്‍പാണ് ...ഒരു ദിവസം രാവിലെ അയാള്‍ ഒരു ഓട്ടോ ഓടിച്ചു അത്യഹിതവിഭാഗത്തിന് മുന്നില്‍ നിര്‍ത്തി പിന്നില്‍ നിന്നും രണ്ടു കുട്ടികള്‍ ഇറങ്ങി..മുഷിഞ്ഞ തോര്‍ത്ത്‌ കൊണ്ട് വായ പൊത്തി,വളരെ ക്ഷീണിതയായ എല്ലും തോലും മാത്രമായ ഒരു സ്ത്രീയും ....ഒരു കെട്ട് പേപ്പര്‍ -ഉകള്‍ എന്റെ കയ്യില്‍ തന്നിട്ട് അയാള്‍ ഓട്ടോ പാര്‍ക്ക്‌ ചെയ്യാന്‍ പോയി,..മെഡിക്കല്‍ കോളേജ് ഇലെയും ,പുലയനാര്‍ കോട്ടയില്‍ ഉള്ള ശ്വാസകോശ വിഭാഗത്തിന്റെയും ചികിത്സകളുടെ പേപ്പര്‍ -ഉകള്‍ ആണ്...രണ്ടു മാസമായുള്ള പനിയും ചുമയും ശ്വാസം മുട്ടലും അവസാനം രോഗം T B ആണെന്ന് കണ്ടു പിടിച്ചു രണ്ടു ദിവസമായി ചികിത്സ തുടങ്ങിയിട്ട് ...അപ്പോഴേക്കും അയാള്‍ ഓടി കിതച്ചു വന്നു ...ഡോക്ടര്‍ ഇവളെ ഇവിടെ കിടത്തണം...ഒന്‍പതാം വാര്‍ഡില്‍ ...കൂടെ നില്‍ക്കാന്‍ ആരുമില്ല ഈ രണ്ടു കുട്ടികള്‍ മാത്രമേയുള്ളൂ..അതുകൊണ്ട് ഒന്‍പതാം വാര്‍ഡില്‍ അഡ്മിറ്റ്‌ ചെയ്യണം...(ആരും ഇല്ലാത്തവരെ കിടത്തുന്ന വാര്‍ഡ്‌ ആണ് "ഒന്‍പതാം വാര്‍ഡ്‌ )...ഒന്‍പതാം വാര്‍ഡ്‌ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല,,പുതുക്കി പണിഞ്ഞു കൊണ്ടിരിക്കുകയാണ് ഇതുവരെ ആരെയും കിടത്തി തുടങ്ങിയിട്ടില്ല ....ഇന്നലത്തെ പത്രത്തില്‍ കണ്ടല്ലോ ഡോക്ടര്‍ ഇന്ന് ഒന്‍പതാം വാര്‍ഡിന്റെ ഉത്ഘാടനമാനെന്നു ...പണി കഴിഞ്ഞിട്ടില്ല തിരഞ്ഞെടുപ്പ് വരുന്നതുകൊണ്ട് മന്ത്രി ധൃതി പിടിച്ച ഉദ്ഘാടനം ചെയ്യുന്നു എന്നേയുള്ളു....നിങ്ങള്‍ ഒരു കാര്യം ചെയ്യ് സമയം എട്ടരയെ ആയിട്ടുള്ളൂ ..കുറച്ചു നേരം ഇരിക്ക് അല്ലെങ്കില്‍ പോയി ഭക്ഷണം കഴിച്ചിട്ട് വരൂ ...പത്തു പതിനൊന്നു മണിയാകും ഉദ്ഘാടനം ..അതിനു ശേഷം പറ്റുമെങ്കില്‍ സുപ്രണ്ടിനോട് കൂടെ ആലോചിച്ചു വേണ്ടത് ചെയ്യാം ...പത്തര ആയപോള്‍ അയാള്‍ വീണ്ടും വന്നു ....എന്തായി ഡോക്ടര്‍? ഞാന്‍ അന്വേഷിച്ചപ്പോള്‍ ആരെയും കിടത്താന്‍ പാകത്തിന് ആ വാര്‍ഡിന്റെ പണി കഴിഞ്ഞിട്ടില്ല എന്നാണ് അറിഞ്ഞത് ..നിങ്ങളുടെ ഭാര്യ TB ക്ക് മരുന്ന് കഴിക്കാന്‍ തുടങ്ങിയിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളൂ ..ഇപ്പോഴും രോഗം പകരുന്ന അവസ്ഥയാണ്,..അപ്പോള്‍ ജനറല്‍ വാര്‍ഡില്‍ രോഗികള്‍ തിങ്ങി നിറഞ്ഞു കിടക്കുന്നിടത്ത് കിടത്താന്‍ പറ്റില്ല ..അവരുടെ കാര്യം കൂടെ നോക്കണ്ടേ ? നിങ്ങള്‍ കുറച്ചു നേരം കൂടെ ഇരിക്കൂ..ഉത്ഘാടന ചടങ്ങ് നടക്കുന്നല്ലെയുള്ളൂ ....ഉച്ചയായി ഉദ്ഘാടനം കഴിഞ്ഞപോള്‍ ....സുപ്രണ്ടുമായി സംസാരിച്ചു ..കിടത്താന്‍ പറ്റുന്ന അവസ്ഥയല്ല ഒന്‍പതാം വാര്‍ഡിനു ..പിന്നെ മന്ത്രി അവരുടെ വോട്ട് കൂട്ടാന്‍ വേണ്ടി ഓടി നടന്നു ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായി ഇതും ഉദ്ഘാടനം ചെയ്തു എന്നേയുള്ളു... അവരെ തിരിച്ചു മെഡിക്കല്‍ കോളേജില്‍ ലേക്ക് തന്നെ ഒരു റെഫെറന്‍സ് ലെറ്റര്‍ ഉമായി വിടൂ....ഫോണ്‍ വച്ച ശേഷം ,അവര്‍ കാത്തിരുന്ന ബെഞ്ചില്‍ പോയി നോക്കി ...അവിടെ ആ മുഷിഞ്ഞ തോര്‍ത്ത്‌ മാത്രം .....