Translate

Thursday, August 27, 2015

...മഴകൊണ്ടു പോയവൾ

ആ കുട്ടിയോട് പറഞ്ഞില്ലല്ലോ മാഡം... അത്യാഹിത വിഭാഗത്തിലെ തിരക്കിനിടയിൽ സിസ്റ്റർ വന്നു ഓർമിപ്പിച്ചു ...കുറച്ചു സമയം മുൻപാണ്‌ ആംബുലൻസ് വന്നു നിന്നത് ......എന്ത് പറ്റിയെന്നറിയില്ല ചെറിയ നെഞ്ച് വേദനയേ ഉണ്ടായിരുന്നുള്ളു ഇ സി ജി  ഇൽ ചെറിയ കുഴപ്പമുണ്ട് എന്ന് അടുത്തുള്ള ആശുപത്രിയിലെ ഡോക്ടർ  പറഞ്ഞു മെഡിക്കൽ കോളേജിലേക്ക് പോകുകയായിരുന്നു ..ഒന്ന് ചർദ്ദിച്ചു ...അതിനു ശേ ഷം അനങ്ങുന്നില്ല ...ഇരുപത്തി അഞ്ചിനകത്ത് മാത്രം പ്രായമുള്ള ആ പെണ്‍കുട്ടി എന്റെ കയ്യിൽ മുറുകെ പിടിച്ചു കരച്ചിലിനിടയിൽ പറഞ്ഞൊപ്പിച്ചു ..കമിഴ്ന്നു ട്രോളിയിൽ  കിടന്നിരുന്ന  അയാളെ തൊട്ടപ്പോൾ തന്നെ വിറങ്ങലിച്ച ആ ശരീരത്തിൻറെ തണുപ്പ് എന്റെ വിരലുകളിലേക്കു അരിച്ചു കയറി ...കയ്യെടുത്ത് ആ പെണ്‍കുട്ടിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ വളരെ പ്രതീക്ഷയോടെ കണ്ണുകൾ തുടച്ചു ഭർത്താവിനെ നോക്കി നിൽകുന്നു ..വീട്ടിൽ  നിന്ന് ആരെയെങ്കിലും വിളിക്കൂ ഞാൻ പറഞ്ഞു ..നിവർത്തി കിടത്തിയ അയാളുടെ കണ്ണുകളിൽ നോക്കിയപ്പോൾ അവയിൽ നിന്നും ജീവൻറെ അവസാന കിരണവും പോയിട്ടു ഏറെ ആയിരുന്നു .....ഈ കുട്ടിയോട് ഇതെങ്ങനെ പറയും എന്നു വിചാരിച്ചു നോക്കിയപ്പോൾ  കയ്യിലുണ്ടായിരുന്ന ഫോണിലൂടെ ആരെയൊക്കെയോ വെപ്രാളത്തിൽ വിളിച്ചു കൊണ്ട് അവൾ ആ വരാന്തയിലൂടെ നടന്നു പോയി ...ഞാൻ ഒന്നാശ്വസിച്ചു ..വീട്ടിൽ നിന്നു ആരെങ്കിലും എത്തിയിട്ട്‌ ഈ കുട്ടിയോട് വിവരം പറയാം..സിസ്റ്റർ വീണ്ടും വന്നു വിളിച്ചു ..ഞാൻ ചെന്നു നോക്കിയപ്പോൾ ഭർത്താവിന്റെ  കയ്യിൽ പിടിച്ചു കൊണ്ടു കണ്ണീരൊക്കെ തുടച്ചു കളഞ്ഞു ശാന്തയായി ചുമരിലേക്കു നോക്കി നിൽക്കുകയായിരുന്ന  അവൾ എന്നോടു ഇങ്ങോട്ടു ചോദിച്ചു  കൊണ്ടു വന്നപ്പോഴേ മരിച്ചിരുന്നു അല്ലേ ഡോക്ടർ  ?നിങ്ങൾ എന്നോടു   പറയാത്തതല്ലേ ? ഞാൻ നിസ്സഹായയായി തലയാട്ടി .വീട്ടിൽ നിന്നു ആരും എത്തിയില്ലേ ?ഞാൻ ചോദിച്ചു ..ഞങ്ങൾ സ്നേഹിച്ചു, വീട്ടുകാർ എതിർത്തിട്ടും വിവാഹം കഴിച്ചതാ ഡോക്ടർ ..അവരെ ഞാൻ വിളിച്ചു അവർ വരില്ല ..ഭർത്താവിനു അച്ഛനും അമ്മയും ഇല്ല ...ഫോണ്‍ നമ്പർ തരൂ കുട്ടിയുടെ വീട്ടുകാരോട് ഞാൻ സംസാരിക്കാം ഞാൻ പറഞ്ഞു ..മൃതദേഹം മോർച്ചറി യിലേക്ക് കൊണ്ടു പോകാൻ പറഞ്ഞു ഞാൻ ആ കുട്ടിയുടെ വീട്ടിലേക്കു ഫോണ്‍ ചെയ്തു ...ഒന്നിനും കാത്തു നിൽക്കാതെ തിരികെ വിളിച്ചിട്ടും നിൽക്കാതെ പുറത്തെ ആ മഴയിലൂടെ അവൾ എങ്ങോട്ടോ നടന്നകന്നു ...അവളും മരിച്ചിരുന്നു 

No comments: