Translate

Sunday, June 26, 2011

തളരാത്ത മകള്‍ ..തോല്‍ക്കാത്ത അമ്മ ..

അച്ഛാ അച്ഛാ ,ഈ അമ്മ ചുമ്മാ പറയുകയാ സുഖമാണെന്ന്...എനിക്കിവിടെ ഒരു സുഖവുമില്ല....അച്ഛന്‍ വരുമ്പോള്‍ എനിക്ക് ബാലരമ കൊണ്ട് വരണേ സ്റ്റിക്കര്‍ ഫ്രീ ഉള്ളത്...ഞാന്‍ അമ്മയ്ക്ക് കൊടുക്കാം ..എട്ടു വയസ്സുകാരി അനന്യ മൊബൈല്‍ ഫോണില്‍ അച്ഛനോട് സംസാരിക്കുകയാണ് ...എസ് എ റ്റി യിലെ കുട്ടികളുടെ ഐ സി യു ഇല്‍ രണ്ടാഴ്ചയോളമായി അനന്യ കിടക്കുന്നു...കൂടെ വന്നവരും ശേഷം വന്നവരുമൊക്കെ ഏറെക്കുറെ സുഖമായി വാര്‍ഡ്‌ ഇലേക്കും വീട്ടിലേക്കും ഒക്കെ പോയി...അനന്യ മൂത്രാശയത്തിലെ പഴുപ്പ് കിഡ്നിയിലേക്ക് ബാധിച്ചു കിടക്കുകയാണ്...രണ്ടു കയ്യിലും മരുന്ന് കയറ്റാനുള്ള സൂചി ..മൂത്രം പോകാനുള്ള ട്യൂബ് ഇട്ടിട്ടുണ്ട് ...കിട്നിയുടെ പ്രവര്‍ത്തനം കുറവായതിനാല്‍ തുടരെ പെരിടോനിയല്‍ ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നു ...ഡയാലിസിസ് ചെയ്യുവാനായി ഒരു പത്തോ പതിനന്ജോ സെന്റിമീറ്റര്‍ നീളമുള്ള സ്റ്റീല്‍ ട്യൂബ് വയറില്‍ കുത്തി നിര്‍ത്തിയിട്ടുണ്ട്...അത് ഇളകി പോകാതെ വയറു മുഴുവന്‍ പ്ലാസ്ടരും ...ഒന്ന് അനങ്ങിയാല്‍ഉണ്ടാവുന്ന വേദനയെ കുറിച്ച് പറയണ്ടല്ലോ ....ഇതൊക്കെയാണെങ്കിലും ഒരു പരാതിയോ ശാടട്യമോ കരച്ചിലോ ഇല്ലാതെ സന്തോഷമായി അമ്മയോടും ഫോണിലൂടെ അച്ഛനോടും ഇടയ്ക്ക് വന്നു കൂടെയിരിക്കുന്ന അമ്മൂമ്മയോടും അനന്യ കൊഞ്ചി കൊഞ്ചി വാതോരാതെ കാര്യങ്ങള്‍ പറയുന്നത് കേള്‍ക്കുന്നത് തന്നെ ഒരു സന്തോഷമാണ്...പല കുട്ടികളെയും കൊണ്ട് വരുന്നതിന്‍റെയും പോകുന്നതിന്റെയും മരുന്ന് കൊടുക്കുന്നതിന്റെയും കരച്ചിലും ആകെക്കൂടി ഒരു ബഹളമാണ് ഐ സി യു യില്‍..ഇതിന്റെ ഒക്കെ ഇടയില്‍ വ്യ്കുന്നെരമാകുമ്പോള്‍ അനന്യയുടെ അമ്മ അവള്‍ക്കു ബൈബിള്‍ വായിച്ചു കൊടുക്കും ..അനന്യ അതിനെക്കുറിച്ച്‌ ഒരുപാട് സംശയങ്ങള്‍ ചോദിക്കും ....എന്നിട്ട് കണ്ണടച്ച് കൈകൂപ്പി അവള്‍ പ്രാര്‍ത്ഥിക്കും അവള്‍ക്കു വേണ്ടിയും അച്ഛനും അമ്മയ്ക്കും അമ്മൂമ്മയ്ക്കും ...അമ്മ പറയുന്ന വാക്കുകളിലൂടെ ആശുപത്രിയിലെ മറ്റു കുട്ടികള്‍ക്ക് വേണ്ടിയും അവള്‍ പ്രാര്‍ത്ഥിക്കും....കിട്നിയുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടു വരുന്നതിനിടയില്‍ അനന്യയുടെ സന്തോഷവും സംസാരവുമൊക്കെ കുറഞ്ഞു വന്നു....കുട്ടികളുടെ വൃക്കരോഗവിദഗ്ദ്ധനും ഞരമ്പ്‌ രോഗ വിദഗ്ദ്ധനും ഹൃദ്രോഗവിദഗ്ദ്ധനും എന്നുതുടങ്ങി എല്ലാ ഡോക്ടര്‍മാരും നോക്കിയിട്ടും പരിസോടനകള്‍ പലതും ചെയ്തിട്ടും അനന്യയുടെ നില വഷളായി കൊണ്ടിരുന്നു ... കാരണം ഒന്നും കൂടാതെ കിഡ്നി യുടെ പ്രവര്‍ത്തനം പെട്ടെന്ന് വല്ലാതെ കുറഞ്ഞു....ഹെമോ ഡയാലിസിസ്ചെയ്തു തുടങ്ങി....അതുവരെ മനസ്സില്‍ ഒരിക്കല്‍പോലും തോന്നാത്ത ഒരു ഭയം മനസ്സില്‍ തോന്നി...അനന്യ കൈവിട്ടു പോകുമോ? അനന്യയുടെ അമ്മയുടെ മുഖത്ത് പക്ഷെ അപ്പോഴും പ്രത്യാശ ..ഡോക്ടര്‍മാരില്‍ ഉറച്ച വിശ്വാസം അതിലുപരി ദൈവത്തിലും .....അനന്യ ഇപ്പോള്‍ വിളിച്ചാല്‍ ഒന്ന് മൂളും എന്നല്ലാതെ ഉണരുന്നില്ല ...തലച്ചോറിന്റെ സ്കാന്‍ ചെയ്തു... തലച്ചോറിന്റെ പലഭാഗത്തും രക്തസ്രാവം ....ഒരു പക്ഷെ ഡയാലിസിസ് ചെയുമ്പോള്‍ ഉപയോഗിക്കുന്ന ഹെപാരിന്‍ എന്ന മരുന്ന് ശരീരത്തില്‍ പ്രവേശിച്ചത്‌ കൊണ്ടാവാം .....ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്നു അനന്യയെ വെന്റിലെട്ടര്‍ ഇലേക്ക് മാറ്റി ... അനന്യയുടെ അമ്മയുടെ മുഖത്ത് ഇപ്പോഴും പ്രത്യാശ ...അനന്യ മരിച്ചു ....അനന്യയുടെ അമ്മ ഞങ്ങളുടെ അടുത്തേക്ക് നടന്നു വരുന്നു ....നിങ്ങളൊക്കെ വിചാരിച്ച്ട്ടും എന്റെ കുഞ്ഞിനെ രക്ഷിക്കാന്‍ പറ്റിയില്ലേ ..എന്റെ കുഞ്ഞിനെ തിരിച്ചു താ ,,,,നിങ്ങളൊക്കെ ഡോക്ടര്മാരല്ലേ...എന്തിനാ എന്റെ മകളെ മരിക്കാന്‍ അനുവദിച്ചത് ?മാറത്തടിച്ചു നിലവിളിച്ചു കരയുന്നു ....ഇങ്ങനെ കുറെ വികാരവിക്ഷോഭാപരമായ നിമിഷങ്ങള്‍ പ്രതീക്ഷിച്ചു നിന്ന ഞങ്ങളോട് ഏക മകളെ നഷ്ടപ്പെട്ട ആ അമ്മ കയ്യില്‍ പിടിച്ചു ശാന്തമായി പറഞ്ഞു ...എന്റെ മകള്‍ക്ക് ഏറ്റവും നല്ല ചികിത്സ നിങ്ങള്‍ നല്‍കി ..നന്ദിയുണ്ട് ....ഞങ്ങള്‍ക്ക് ദൈവം തന്ന മകളെ ദൈവം തിരിച്ചെടുത്തു ..പോകട്ടെ ഡോക്ടര്‍...ഒരു എട്ടു വയസ്സുകാരിയെ ചിരിച്ചു സന്തോഷമായി ആത്മവിശ്വാസത്തോടെ രോഗത്തെ നേരിടുവാന്‍ വേദനയെ മറക്കാന്‍ മരണത്തോട് മല്ലടിക്കുവാന്‍ പഠിപ്പിച്ച മാതൃത്വം .....എല്ലാം നഷ്ടപ്പെട്ടിട്ടും തളരാത്ത മാതൃത്വം