Translate

Tuesday, February 12, 2013

വീര്‍പ്പുമുട്ടലുകളുടെ വാര്‍ഡ്‌

സ്ത്രീകളുടെ  വാര്‍ഡ്‌  ..ഗര്‍ഭിണികളുടെ എന്നും പറയാം കാരണം ഏറെയും ഗര്‍ഭിണികള്‍ തന്നെയാണ് ..ആശുപത്രിയില്‍ ആണെങ്കിലും വളരെ സന്തോഷമായി കാണപ്പെടുന്ന "രോഗികള്‍ " ..ഒരു കുഞ്ഞു ജനിക്കാന്‍ പോകുന്നതിന്റെ സന്തോഷം ..അമ്പരപ്പ് ..എന്തെല്ലാമോ വികാരങ്ങള്‍..വൈകുന്നേരമാകുമ്പോള്‍ സന്ദര്‍ശകര്‍ -ബന്ധുക്കള്‍ വരുന്നു  അഭിമാനത്തോടെ സന്തോഷം പങ്കുവയ്കുന്ന ഭര്‍ത്താക്കന്മാരും അമ്മയിഅമ്മമാരും അമ്മമാരും ..ആകെ കൂടി ബഹളം വാര്‍ഡിന്റെ ഒരു കോണില്‍ പ്രായം ചെന്ന നാലഞ്ചു അമ്മമാര്‍,കാന്‍സറും മറ്റു ഗര്ഭാപാത്രസംബന്ധമായ രോഗങ്ങളും മറ്റുമായി ഓപ്പറേഷന് കാത്തു കിടക്കുന്നു .അവരെ കാണാന്‍ അധികമാരും വരാറില്ല.ആഹ്ലാദാരവങ്ങളുമില്ല ..നിശബ്ദമായിരുന്നു എല്ലാം നോക്കിയും കണ്ടുമിരിക്കും ...ആഴ്ചകളോളം ഓപ്പറേഷന് കാത്തു കിടന്നു എല്ലാവരും തമ്മില്‍ വളരെ കൂട്ടാണ് ,എന്നോടും ..എന്റെ തിരക്കൊഴിയുമ്പോള്‍ ഞാനും അവരോടൊപ്പം കൂടും .ഒരു സന്തോഷം .കുറെ അമ്മമാരെ കിട്ടിയപോലുള്ള ഒരു സന്തോഷം .നിര്‍മ്മലാമ്മയ്ക് അണ്ഡാശയത്തില്‍   കാന്‍സര്‍ ആണ് ,ലതീഫയ്ക്ക് പ്രായം അധികമില്ല എന്നാലും മുഴയുണ്ട് എന്താണെന്നറിയില്ല,റോസമ്മ ആന്റി എത്തിയിട്ട് രണ്ടു ദിവസമേ ആയുള്ളൂ ആശുപത്രി അന്തരീക്ഷവുമായി പൊരുത്തപ്പെട്ടു വരുന്നേയുള്ളൂ .രോഹിണി അമ്മയ്ക്കെപോഴും സന്തോഷമാണ്,മുഖത്തെ ചിരി മായാറെയില്ല ഗര്‍ഭപാത്രത്തില്‍ മുഴയാണ് കാന്‍സെര്‍ ആണോ എന്ന് സംശയിക്കുന്നു .അറിഞ്ഞോ ഡോക്ടറേ ഈ റോസമ്മയ്ക്കുണ്ടല്ലോ എപ്പോഴും വിഷമമാ ..ഇടയ്ക്കിടയ്ക്ക് മാറിയിരുന്നു കരയുന്നത് കാണാം ഞങ്ങള്‍ ചോദിച്ചാല്‍ ഒന്നും പറയുകേല ..ഡോക്ടറൊന്ന് ചോദിച്ചു നോക്കിക്കേ...നീ തുടങ്ങിയോ രോഹിണി നിര്‍മലമ്മ ഇടപെട്ടു ,ആ കൊച്ചിന് ഇത്തിരി സമാധാനം കൊടുത്തൂടെ നിനക്ക് ,രാവിലെ തുടങ്ങിയ പണിയാ ,വല്ലതും കഴിച്ചോ ആവോ ...ഞാന്‍ കഴിച്ചതാ ..ഞാന്‍ എഴുന്നേറ്റു അവര്‍ക്കിടയിലേക്ക് ചെന്നു ..എന്താ റോസമ്മ ആന്റി ഇവരൊക്കെ പറയുന്നത് .എന്താ വിഷമം?ആശുപത്രിയില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ ഒന്നുമില്ല ഡോക്ടറെ .പിന്നെന്താ  ഒരു വിഷമം ?റോസമ്മ ആന്റി വിഷമത്തോടെ നോക്കി നിന്നു ...എന്തേലും ഉണ്ടെങ്കില്‍ ഡോക്ടറോട് പറയരുതോ ,വെറുതെയിരുന്നു ആധി പിടിച്ചു പ്രഷറൊക്കെ കൂടിയാലോ എന്നു രോഹിണി അമ്മ...റോസമ്മ ആന്റി യുടെ കണ്ണുകള്‍ നിറഞ്ഞു കഴുത്തിലെ കൊന്തയില്‍ അമര്‍ത്തി പിടിച്ചു കൊണ്ട് അവര്‍ പറഞ്ഞു എന്റെ മോനെ ഓര്‍ത്തിട്ട ഡോക്ടറെ എന്റെ വിഷമം..എന്നാ പറ്റി ,മോന്‍ കാണാന്‍ വരുന്നില്ലേ ?പിണക്കമാണോ എല്ലാ ആവശ്യങ്ങള്‍ക്കും മോളില്ലേ കൂടെ മോന്റെ ഫോണ്‍ നമ്പര്‍ തരൂ ഞാന്‍ വിളിച്ചു വരാന്‍ പറയാം ...എന്റെ മോന്‍ മരിച്ചിട്ട് പത്തു മാസമായി ഡോക്ടറെ ,എപ്പോഴും അവനെന്റെ കണ്മുന്‍പില്‍ ഉള്ളതുപോലെ ............                  ......എന്ത് പറ്റി മോന് ?             വെള്ളത്തില്‍ മുങ്ങി മരിച്ചതാ ..എന്റെ ഭര്‍ത്താവു മീന്‍ പിടിക്കാന്‍ പോയും,ഞാന്‍ മീന്‍ വീട് തോറും കൊണ്ട് നടന്നു വിറ്റും കഷ്ടപ്പെട്ടാ അവനെ പഠിപ്പിച്ചത് ..അവന്‍ മിടുക്കനായിരുന്നു ...അവന്എല്ലാ ക്ലാസ്സിലും നല്ല മാര്‍ക്കുണ്ടായിരുന്നു ,വയസ്സുകാലത്ത് ഞങ്ങളെ അവന്‍ നോക്കും എന്നായിരുന്നു ഞങ്ങളുടെ പ്രതീക്ഷ..അവന്‍ പി സ് സി പരീക്ഷയ്ക്കൊക്കെ തനിയെ പഠിച്ചു പോലീസില്‍ സെലക്ഷന്‍ കിട്ടി.ഡോക്ടറിനു കാണണോ അവനെ?ഞാന്‍ തലകുലുക്കി പേഴ്സില്‍ ചുളിവു പറ്റാതെ സൂക്ഷിച്ച വച്ചിരുന്ന മകന്റെ ഫോട്ടോ ആ അമ്മ അഭിമാനത്തോടെ എനിക്ക് കാണിച്ചു തന്നു ..അമ്മയുടെയും അപ്പന്റെയും കൂടെ നില്കണം എന്ന് പറഞ്ഞു ലീവിന് വന്നതാ ..ഞങ്ങളുടെ വീടിന് അടുത്തുള്ള കായലില്‍ നീന്താന്‍ ഇറങ്ങിയതാ ..അവന്‍ കുഞ്ഞിലേ നീന്തുന്ന വെള്ളമാ ....അവന്റെ കൂട്ടുകാരും നാട്ടുകാരും പള്ളിക്കാരും തിരഞ്ഞിട്ടും കിട്ടീല ഫയര്‍ ഫോഴ്സ് വന്നിട്ടാണ്  കിട്ടിയത് ...അവന്റെ ക്യാമ്പിലെ എല്ലാ പോലീസുകാരും വന്നിരുന്നു ..ആന്റണി എന്ന് പറഞ്ഞാല്‍ ആര്‍ക്കും ഒരു ദോഷം പറയാനില്ല ..എന്നിട്ടും അവനിങ്ങനെ സംഭവിച്ചല്ലോ എന്നോര്‍ക്കുമ്പോള്‍ എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല ...ഡോക്ടറിനു എന്റെ വിഷമം മനസിലാകുന്നുണ്ടോ ..ഞാന്‍ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ പരതുമ്പോള്‍ രോഹിണി അമ്മ ഓടി പോയി മൊബൈല്‍ ഫോണ്‍ എടുത്തു കൊണ്ട് വന്നു.ഡോക്ടറെ എന്റെ ഫോണില്‍ കാണുന്ന ഈ ആളെ ഒന്ന് നോക്കിക്കേ ,എങ്ങനെയുണ്ട്?വെളുത്തു  കഷണ്ടിയുള്ള ഒരു വ്യക്തി ..കൊള്ളാം ആരാ ഇത്.?എന്റെ ഭര്‍ത്താവാണ് ഡോക്ടറെ സുന്ദരനല്ലേ ...പിന്നല്ലാതെ ...രോഹിണി അമ്മയുടെ മുഖത്തെ ചിരി മാഞ്ഞു ..അതിയാന്‍ മൂന്ന് മാസം മുന്‍പ് മെഡിക്കല്‍ കോളേജില്‍ കിടന്നപോള്‍ എടുത്ത ഫോട്ടോയാ ..മരിച്ചിട്ടിപ്പോള്‍ മാസം രണ്ടായി ...എന്ന് വച്ച് നമുക്ക് ജീവിക്കതിരിക്കാന്‍ പറ്റുമോ ..അസുഖവുമായി വീട്ടിലിരുന്നാല്‍ മക്കളെ ആര് നോക്കും ..ഞാന്‍ ഇങ്ങനെ ചിരിച്ചു സന്തോഷം അഭിനയിച്ചു  നടക്കുന്നെന്നെയുള്ളൂ ,മനസ്സ് പിടയുവാ ...

ആശ്വസിപ്പിക്കാന്‍ എനിക്ക് വാക്കുകള്‍ കിട്ടീല ..ഞാന്‍ അവരോടൊപ്പം കുറച്ചു നേരം ഇരുന്നു ...പിന്നില്‍ വീട്ടില്‍ കുഞ്ഞു പിറക്കുന്നതിന്റെ സന്തോഷ ആവേശ ആരവങ്ങള്‍..... മനസ്സിന്റെ മുറിവുകളും ശരീരത്തെ കാര്‍ന്നു തിന്നുന്ന രോഗങ്ങളും ജീവിതത്തെ പകുത്തെടുക്കുമ്പോള്‍ ഇവരുടെ വികാരങ്ങളെ ഒന്ന് മരവിപ്പിച്ചു  കൊടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ......ബാഗുമെടുത്തു സന്തോഷവും ദുഖവും വീര്‍പ്പുമുട്ടിച്ചുകൊണ്ടിരുന്ന ആ വാര്‍ഡില്‍ നിന്ന് ഞാന്‍ നടന്നു നീങ്ങി ,വികാരങ്ങളെ മരവിപ്പിക്കുന്ന മരുന്ന് തേടി .....

1 comment:

L.Bijukumar said...

Let God always join your happy fellowships to enrich joyous moments.
& it is a gift from above to have a mind of attention towards the ‘paining’ in this world. Let God gives you always something positively to wipe those tears & remove those pains permanently from your painful companions. God can!
God Be With you.